ന്യൂയോർക്ക്: കേരളത്തിന്റെ ശാസ്ത്രീയ നൃത്തപാരമ്പര്യത്തിന് ആഗോള വേദിയിൽ പുതിയ ചരിത്രം കുറിക്കാൻ ഫൊക്കാന 2026 ദേശീയ കൺവെൻഷൻ ഒരുങ്ങുന്നു. ആയിരത്തിലധികം കലാകാരികൾ ഒരേസമയം മോഹിനിയാട്ടം അവതരിപ്പിക്കുന്ന ഗിന്നസ് വേൾഡ് റിക്കാർഡ് ശ്രമമാണ് കൺവെൻഷന്റെ പ്രധാന ആകർഷണം.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1,100ലധികം നർത്തകികൾ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പ്രവാസി മലയാളികളുടെ സാംസ്കാരിക അഭിമാനത്തിന്റെയും കൂട്ടായ്മയുടെയും ഉജ്ജ്വല പ്രതീകമായി ഈ ഗിന്നസ് ശ്രമം മാറുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
ഗുരു ബീന മേനോൻ കോറിയോഗ്രാഫി ചെയ്യുന്ന ഈ മഹാസംരംഭത്തിൽ അമേരിക്കയിലെ നൃത്താധ്യാപകരും നിരവധി ഡാൻസ് സ്കൂളുകളും പങ്കാളികളാകുന്നുണ്ട്. മനോജ് വട്ടപ്പള്ളി (കോർഡിനേറ്റർ), ഡോ. ഷൈനി രാജു (കോ-കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരികളുടെ വസ്ത്രങ്ങൾ കോട്ടയം ലക്ഷ്മി സിൽക്സ് സ്പോൺസർ ചെയ്യും. കൂടാതെ, നർത്തകിമാർക്ക് അവർ പങ്കെടുക്കുന്ന ദിവസത്തെ കൺവെൻഷൻ രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കാൻ ഫൊക്കാന തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ലോകസമക്ഷം അഭിമാനത്തോടെ അവതരിപ്പിക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.